തമിഴ്നാട് തിരുച്ചിറപ്പള്ളയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി എന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മുൻപ് നടന്ന സംഭവത്തിന്റേത്. ധാരാളം ഷെയറുകളാണ് ഇതിനകം തന്നെ വന്നുകൊണ്ടിരിക്കുന്നത്.
കുഴൽക്കിണറിൽ വീണ കുട്ടിയെ 48 മണിക്കൂർ പിന്നിട്ടിട്ടും ഇതുവെരെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.നിലവിൽ നൂറടി താഴ്ചയിലുള്ള കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോകാതിരിക്കാനാണ് വളരെ പതുക്കെ കുഴിയെടുക്കുന്നതെന്നായിരുന്നു മന്ത്രി വിജയഭാസ്കറിന്റെ പ്രതികരണം. സമാന്തരമായി കുഴിയെടുക്കുമ്പോൾ അത് കുട്ടിയെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും ചെറിയ വിറയലുകൾപോലും കുട്ടിയെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുമെന്നും അതിനാലാണ് കുഴിയെടുക്കുന്നത് വൈകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വിൽസൺ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴൽക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി കൂടുതൽ താഴേക്ക് പോയത്. ഇതിനിടെ പാറകൾ ഉള്ളതിനാൽ ആദ്യത്തെ കുഴിയെടുക്കൽ നിർത്തി. കയർ ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ല.

Comments
Post a Comment